മലയാളത്തെ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിക്കും -മന്ത്രി കെ.സി.ജോസഫ്

Story dated:Monday June 29th, 2015,04 43:am

download (8)വൈജ്ഞാനിക സാഹിത്യരംഗത്തും വിവരസാങ്കേതികവിദ്യാ മേഖലയിലും മലയാള ഭാഷയെ ശക്തമാക്കാന്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. മലയാളം ഒന്നാം ഭാഷയാക്കാനും കോടതി ഭാഷയാക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ സംഘടിപ്പിച്ച കഥയുടെ രാജവീഥികള്‍ ഏകദിന സെമിനാറില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. മലയാള ഭാഷയുടെ വികാസത്തെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമായ കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. തുഞ്ചത്ത് എഴുത്തച്ഛന്റെ നാട്ടില്‍ സ്ഥാപിച്ച മലയാള സര്‍വകലാശാലയുടെ മൂന്നാംവാര്‍ഷികമാണിത്. മലയാളത്തിന് ശ്രേഷ്ഠാഭാഷ പദവി ലഭിച്ചു. ജ്ഞാനപീഠം ജേതാവ് പ്രമുഖ ഒറിയ സാഹിത്യകാരി പ്രതിഭാ റായ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മലയാളം ശ്രേഷ്ഠഭാഷാ പദവി നേടിയതില്‍ കേരള ജനതയെ അവര്‍ അഭിനന്ദിച്ചു. എല്ലാ ഭാഷകളോടും തുറന്ന സമീപനമാണ് കേരളം പുലര്‍ത്തുന്നത്. എല്ലാ സാഹിത്യകൃതികളും പറയുന്നത് ശാന്തിയുടെയും ഐക്യത്തിന്റെയും കഥകളാണെന്നും അവര്‍ പറഞ്ഞു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, റോസ്‌കോട്ട് കൃഷ്ണപിള്ള എന്നിവരും പ്രസംഗിച്ചു. തുടര്‍ന്ന് സി.വി.രാമന്‍പിള്ള, പി.കേശവദേവ്, കെ.സരസ്വതി അമ്മ, കെ.സുരേന്ദ്രന്‍, ജി.വിവേകാനന്ദന്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എന്‍.മോഹനന്‍ എന്നീ എഴുത്തുകാരെക്കുറിച്ചുള്ള പ്രബന്ധാവതരണങ്ങളും നടന്നു.

English summary