പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി

Story dated:Wednesday October 28th, 2015,05 42:am

postalതദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നല്‍കി. ഇതനുസരിച്ച് ഗ്രാമ പഞ്ചായത്തുകളിലെയും ബ്ലോക്കു പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ ബാലറ്റു പേപ്പറുകള്‍ക്കുള്ള അപേക്ഷകള്‍ വരണാധികാരികള്‍ ബ്ലോക്ക് തലത്തില്‍ ഒന്നിച്ചു വേണം പരിഗണിക്കേണ്ടത്.

ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ അയക്കുന്നതിന് ഉപവരണാധികാരി കൂടിയായ ബ്ലോക്ക് വരണാധികാരിയെ ചുമതലപ്പെടുത്തേണ്ടതാണ്. ഓരോ തലത്തിലേയ്ക്കും പോസ്റ്റല്‍ ബാലറ്റിനുള്ള ഫാറം നമ്പര്‍ 15-ലെ അപേക്ഷാഫാറങ്ങള്‍ പോസ്റ്റിംഗ് ഓര്‍ഡറിനൊപ്പം നല്‍കേണ്ടതാണ്. എന്നാല്‍ ഏതെങ്കിലും തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് ബന്ധപ്പെട്ട വരണാധികാരികളുടെ ആഫീസുകളില്‍ നിന്നും അപേക്ഷ ഫാറങ്ങള്‍ നല്‍കാം.

പോസ്റ്റല്‍ ബാലറ്റുകള്‍ക്കുള്ള അപേക്ഷകള്‍ അതതു വരണാധികാരിയ്ക്കു സ്വീകരിക്കാവുന്നതാണ്. എന്നാല്‍ പോളിംഗ് ഉദേ്യാഗസ്ഥരുടെ പരിശീലന സ്ഥലത്തുവെച്ചുതന്നെ അപേക്ഷകള്‍ സ്വീകരിയ്ക്കുവാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്തു വരണാധികാരിയും ബ്ലോക്കു പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകളുടെ വരണാധികാരികളും സംയുക്തമായി വേണം പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യേണ്ടത്. അപേക്ഷകന്‍ ആവശ്യപ്പെട്ടിട്ടുള്ള പ്രകാരം വിവിധ തലത്തിലുള്ള പഞ്ചായത്തുകളിലേയ്ക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ ഒന്നിച്ച് തപാല്‍ മാര്‍ഗ്ഗമോ സമ്മതിദായകന് നേരിട്ടോ നല്‍കേണ്ടതാണ്. പ്രസ്തുത ബാലറ്റ് പേപ്പറുകളുടെ മറുപുറത്ത് ‘പോസ്റ്റല്‍ ബാലറ്റ് ‘ എന്ന് മുദ്രണം ചെയ്യണം.

അപേക്ഷകന് പോസ്റ്റല്‍ ബാലറ്റ് അയച്ചു കൊടുക്കുമ്പോള്‍ തന്നെ വോട്ടര്‍പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പില്‍ ‘പി.ബി’ എന്ന് രേഖപ്പെടത്തേണ്ടതാണ്. കൂടാതെ മൂന്നു തലത്തിലുള്ള പഞ്ചായത്തുകളിലേയ്ക്ക് പോസ്റ്റല്‍ ബാലറ്റ് അപേക്ഷകളില്‍ ഓരോന്നിലും P.B issuedഎന്ന് രേഖപ്പെടുത്തേണ്ടതാണ്. അതോടൊപ്പം വോട്ടര്‍പട്ടികയിലെ സമ്മതിദായകന്റെ ക്രമനമ്പര്‍ ബാലറ്റ് പേപ്പറിന്റെ കൗണ്ടര്‍ഫോയിലില്‍ രേഖപ്പെടുത്തണം. ഇത്തരം കൗണ്ടര്‍ ഫോയിലുകള്‍ മുദ്രവച്ച കവറില്‍ സൂക്ഷിക്കേണ്ടതും കവറിന്റെ പുറത്ത് ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു ചെറിയ വിവരണവും മുദ്രവച്ച ദിവസവും രേഖപ്പെടുത്തേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകളും പ്രതേ്യകം സൂക്ഷിക്കണം.

ബാലറ്റു പേപ്പറിനോടൊപ്പം ഓരോ തലത്തിലുള്ള പഞ്ചായത്തിനെ സംബന്ധിച്ച് 16-ാം നമ്പര്‍ ഫാറത്തിലുള്ള സത്യപ്രസ്താവന, 17-ാം നമ്പര്‍ ഫാറത്തിലുള്ള സമ്മതിദായകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, 18-ാം നമ്പര്‍ ഫാറത്തിലുള്ള ഒരു കവര്‍, 19-ാം നമ്പര്‍ ഫാറത്തിലുള്ള ഒരു വലിയ കവര്‍ എന്നിവ കൂടി അയച്ച് കൊടുക്കേണ്ടതാണ്. അതായത്, മൂന്നു തലത്തിലുള്ള പഞ്ചായത്തുകളിലേയ്ക്ക് ഒന്നിച്ച് ബാലറ്റു പേപ്പറുകള്‍ അയയ്ക്കുമ്പോള്‍ 16-ാം നമ്പര്‍ ഫാറങ്ങളും 18-ാം നമ്പര്‍ ഫാറങ്ങളും 19-ാം നമ്പര്‍ കവറുകളും 3 എണ്ണം വീതം അയയ്‌ക്കേണ്ടതാണ്. അവ എല്ലാംകൂടി ഒരു വലിയ കവറില്‍ ഉള്ളടക്കം ചെയ്തു വേണം അയയ്ക്കുവാന്‍. ത്രിതല പഞ്ചായത്തുകളിലെ ഒരു പോളിംഗ് സ്റ്റേഷനില്‍ ഒരു മള്‍ട്ടിപോസ്റ്റ് വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിനാലും 21എ-യിലുള്ള ഒരു വോട്ടു രജിസ്റ്റര്‍ മാത്രം ഉപയോഗിക്കുന്നതിനാലും അടയാളപ്പെടുത്തിയ വോട്ടര്‍പട്ടികയുടെ ഒരു പകര്‍പ്പില്‍ മാത്രം പി.ബി എന്ന് രേഖപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍ ഒന്നോ രണ്ടോ തലത്തില്‍ മാത്രം പോസ്റ്റല്‍ ബാലറ്റ് ആവശ്യപ്പെടുന്ന പക്ഷം ജിപി, ബിപി, ഡിപി എന്നിവയില്‍ ഉചിതമായത് ഏതു തലത്തിലേയ്ക്കുളള ബാലറ്റു പേപ്പറാണ് അയച്ചതെന്നും കാണിക്കുന്നതിന്, ഒരു വര്‍ക്കിംഗ് കോപ്പിയില്‍ കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ ഇത് അടയാളപ്പെടുത്തിയ പകര്‍പ്പായി പോളിംഗ് സ്റ്റേഷനില്‍ നല്കാന്‍ പാടില്ലാത്തതുമാണ്. ത്രിതല പഞ്ചായത്തുകളില്‍ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റിനു മാത്രമെ അപേക്ഷിക്കുന്നുള്ളൂവെങ്കിലും അപേക്ഷകന് ആ തലത്തിലുള്ള പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റു പേപ്പര്‍ മാത്രം നല്‍കി അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടികയില്‍ ‘പി.ബി’ എന്ന് അടയാളപ്പെടുത്തേണ്ടതാണ്. പി.ബി അടയാളപ്പെടുത്തപ്പെട്ട സമ്മതിദായകനെ പോളിംഗ് സ്റ്റേഷനില്‍ വോട്ടു ചെയ്യാന്‍ അനുവദിയ്ക്കുവാന്‍ പാടില്ല.

ഒക്‌ടോബര്‍ 26,27,28 തീയതികള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയക്കുന്നതിനുള്ള ദിവസങ്ങളായി പരിഗണിക്കേണ്ടതാണ്. മൂന്ന് തലത്തിലേയ്ക്കും വോട്ടു രേഖപ്പെടുത്തിയ ബാലറ്റു പേപ്പറുകള്‍ 18-ാം നമ്പര്‍ ഫാറത്തിലുള്ള കവറുകളില്‍ പ്രതേ്യകം ഉള്ളടക്കം ചെയ്തിരിക്കേണ്ടതാണ്. 16-ാം നമ്പര്‍ ഫാറത്തിലുള്ള സത്യ പ്രസ്താവന ഒപ്പിടുകയും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷം സത്യ പ്രസ്താവനയും ബാലറ്റു പേപ്പര്‍ അടക്കം ചെയ്തിട്ടുള്ള ചെറിയ കവറും (ഫാറം 18) ഒരു വലിയ കവര്‍ (ഫാറം 19)-ല്‍ ഉള്ളടക്കം ചെയ്തു ഒട്ടിച്ചു വേണം വരണാധികാരിക്ക് അയയ്‌ക്കേണ്ടത് (സ്റ്റാമ്പ് ഒട്ടിക്കേണ്ടതില്ല) തപാല്‍ വഴിയോ ആള്‍ വശമോ വരണാധികാരിയ്ക്കു നല്കാം.

18,19 എന്നീ കവറുകളുടെ പുറത്ത് അതാതു തലത്തിലുള്ള വരണാധികാരികളുടെ മേല്‍ വിലാസം രേഖപ്പെടുത്തണം. 18-ാം നമ്പര്‍ കവറിന്റെ പുറത്ത് അയയ്ക്കുന്ന ബാലറ്റു പേപ്പറിന്റെ ക്രമനമ്പര്‍ കൂടി എഴുതേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റുകള്‍ അതാതു വരണാധികാരികള്‍ വേണം എണ്ണേണ്ടത്. ഓരോ ദിവസവും ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകള്‍വോട്ടെണ്ണല്‍ ദിവസം വരെ ബന്ധപ്പെട്ട വരണാധികാരികള്‍ പ്രതേ്യകം സൂക്ഷിച്ച് വെക്കേണ്ടതാണ്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളെ സംബന്ധിച്ച് അതാത് വരണാധികാരികള്‍ വേണം ആ സ്ഥാപനങ്ങളിലെ പോസ്റ്റല്‍ വോട്ടുകള്‍ സംബന്ധിച്ച നടപടികള്‍ സ്വീകരിക്കേണ്ടത്. അപേക്ഷകന്‍ വോട്ടു രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് തപാലിലൂടെ അയയ്ക്കുന്നതിന് വരണാധികാരികള്‍ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകളില്‍ ആവശ്യമായ തുക മുന്‍കൂറായി ഡെപ്പോസിറ്റ് ചെയ്യേണ്ടതും വോട്ടെണ്ണല്‍ ദിവസം കഴിഞ്ഞാല്‍ അവ ക്രമീകരിക്കേണ്ടതുമാണ്. കൗണ്ടിംഗ് ദിവസം തപാലിലൂടെ വരുന്ന ബാലറ്റുകള്‍ കൗണ്ടിംഗ് സെന്ററില്‍ രാവിലെ 8 മണിക്ക് മുമ്പ് തന്നെ ഡെലിവറി ചെയ്യുന്നതിന് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. അതോടൊപ്പം വരണാധികാരിയുടെ ഓഫീസില്‍ ലഭിച്ചിട്ടുള്ളവയും 8 മണിക്ക് മുമ്പ് കൗണ്ടിംഗ് സെന്ററില്‍ ലഭ്യമാക്കുന്നതിന് Messenger- റെ ചുമതലപ്പെടുത്തേണ്ടതാണ്.

English summary