പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ രൂപികരിച്ചു.

Story dated:Wednesday March 9th, 2016,09 48:am

പ്രവാസി ഭാരതിയരായ കേരളീയര്‍ക്കുവേണ്ടി സംസ്ഥാനത്തിനുള്ളില്‍ അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനാവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായും പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ രൂപികരിച്ചതായി പ്രവാസിക്ഷേമ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടുകൂടി കമ്മീഷന്‍ വേണമെന്ന ഏറെക്കാലമായുള്ള പ്രവാസി മലയാളികളുടെ ആവശ്യമാണ് നിറവേറ്റപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു നിയമനിര്‍മ്മാണം നടത്തുന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്.

പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ബില്‍ 2015 ല്‍ കേരള നിയമസഭ പാസാക്കുകയും ആക്റ്റ് 2016 ജനുവരിയില്‍ നിലവില്‍ വരുകയും ചെയ്തിരുന്നു. ജസ്റ്റിസ് (റിട്ട) ഭവദാസനെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ചെയര്‍പേഴ്‌സണായും പ്രവാസി വോട്ടവകാശത്തിനുവേണ്ടി കോടതിയില്‍ നിയമയുദ്ധം നടത്തിയ ഡോ: ഷംഷീര്‍ വയലില്‍, ഡെയിലി ട്രിബൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, മലപ്പുറം പി.എം.എ. സലാം, തിരുവനന്തപുരം കെ. ഭഗവത് സിംഗ് എന്നിവരെ അംഗങ്ങളായും നാമനിര്‍ദ്ദേശം ചെയ്യാന്‍ ഇന്നലെത്തെ (മാര്‍ച്ച് 2) മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. സെക്രട്ടറി ഒഴികെയുള്ള അംഗങ്ങളുടെ കാലാവധി മൂന്നുവര്‍ഷമാണ്. നോര്‍ക്ക വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാകും പ്രവാസി ഭാരതീയ (കേരളീയര്‍) കമ്മീഷന്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല വഹിക്കുക.

English summary