സര്‍ക്കാര്‍ വാര്‍ത്തകള്‍ ഇനി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ

Story dated:Wednesday March 9th, 2016,09 51:am

സര്‍ക്കാര്‍ അറിയിപ്പുകള്‍, വികസന വാര്‍ത്തകള്‍, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി എല്ലാ മേഖലയിലെയും ഔദ്യോഗിക വാര്‍ത്തകള്‍ പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലൂടെ ഇനി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുളളത്. ആന്‍ഡ്രോയിഡ് സംവിധാനമുളള എല്ലാ സ്മാര്‍ട്ട് ഫോണിലും പി.ആര്‍.ഡി ലൈവ് ലഭിക്കും. പ്ലേ സ്റ്റോറില്‍ നിന്നും മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ഔദ്യോഗിക വാര്‍ത്തകള്‍ ആവശ്യക്കാരുടെ സൗകര്യരാര്‍ത്ഥം എട്ട് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഇതിന് പുറമേ പി.ആര്‍.ഡി ലൈവ് റേഡിയോ, വീഡിയോ ബുളളറ്റിനുകള്‍ക്കും മൊബൈല്‍ ആപ്പില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച നിലവാരമുളള ചിത്രങ്ങളും വൈകാതെ പി.ആര്‍.ഡി വഴി ലഭ്യമാകും.

പി.ആര്‍.ഡി ആധുനികവത്കരണത്തിന്റെ ഭാഗമാണിത്. ഇതോടെ സര്‍ക്കാര്‍ അറിയിപ്പുകള്‍ പൂര്‍ണമായും ആവശ്യക്കാര്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് PRD LIVEമൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. ജില്ലാ തലത്തിലുളള വാര്‍ത്തകളും PRD LIVEലൂടെ ലഭിക്കും. മൊബൈല്‍ ആപ്പിന്റെ പ്രകാശനം പി. ആര്‍ ചേമ്പറില്‍ ചേര്‍ന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി നിര്‍വഹിച്ചു. അഡീഷണല്‍ ഡയറക്ടര്‍ കെ.മനോജ് കുമാര്‍, ഡപ്യൂട്ടി ഡയറക്ടര്‍ റ്റി.എ ഷൈന്‍, പ്രസ് റിലീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

English summary